ന്യൂഡല്‍ഹി: ഇന്ത്യയും അമെരിക്കയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിച്ചു. ചര്‍ച്ചയ്ക്കായി യുഎസ് മുഖ്യ വാണിജ്യ പ്രതിനിധി ബ്രെന്‍ഡന്‍ ലിഞ്ചും സംഘവും ഡല്‍ഹിയിലെത്തി. അമെരിക്കയുടെ ദക്ഷിണ, മധ്യേഷ്യാ അസിസ്ററന്‍റ് വ്യാപാര പ്രതിനിധിയാണ് ബ്രെന്‍ഡന്‍ ലിഞ്ച്.
ഓഗസ്ററ് അവസാനത്തോടെ നടക്കേണ്ടിയിരുന്ന ചര്‍ച്ചകള്‍ മാറ്റി വച്ചെങ്കിലും ഇപ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ഇടപടലിലൂടെ ഇന്ത്യയുടെ മുഖ്യ വ്യാപാര ചര്‍ച്ചാ വക്താവായ രാജേഷ് അഗര്‍വാളുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും നിരവധി വ്യാപാര പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കൂടിക്കാഴ്ചകള്‍ നടത്തുകയാണ് ഏഷ്യന്‍ മേഖലയിലെ 15 രാജ്യങ്ങളിലെ യുഎസ് വ്യാപാര നയത്തിനു മേല്‍നോട്ടം വഹിക്കുന്ന ലിഞ്ച്.
യുഎസ്~ഇന്ത്യ വ്യാപാര നയ ഫോറം കൈകാര്യം ചെയ്യുന്നതും വ്യാപാര, നിക്ഷേപ ചട്ടക്കൂട് കരാറുകള്‍ക്ക് കീഴിലുള്ള പ്രാദേശിക കരാറുകള്‍ ഏകോപിപ്പിക്കുന്നതും ലിഞ്ചിന്‍റെ പോര്‍ട്ട് ഫോളിയോയില്‍ ഉള്‍പ്പെടുന്നു.
യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ പേരില്‍ ഇന്ത്യയ്ക്കെതിരെ ഏര്‍പ്പെടുത്തിയ അധിക തീരുവകള്‍ കാരണം പ്രതിസന്ധിയിലായ സ്വതന്ത്ര വ്യാപാര കരാറിന് ഒരു വഴിത്തിരിവ് ഉണ്ടാക്കുകയാണ് ഈ ചര്‍ച്ചയുടെ ലക്ഷ്യം.

Comments: